13 January 2012

അഭിമാനതാരങ്ങള്‍ക്ക് ഉജ്വലവരവേല്‌പ്‌

അഭിമാനതാരങ്ങള്‍ക്ക് ഉജ്വലവരവേല്‌പ്‌
Posted on: 14 Jan 2012




പാലക്കാട്: പതിനൊന്നു വര്‍ഷത്തിനുശേഷം ദേശീയ വോളിബോള്‍കിരീടം വീണ്ടെടുത്ത അഭിമാന താരങ്ങള്‍ക്ക് കേരളത്തിന്റെ ഉജ്ജ്വല സ്വീകരണം. ഇതോടൊപ്പം തുടര്‍ച്ചയായ മൂന്നാംതവണയും റണ്ണറപ്പായ വനിതാടീമിനും സ്വീകരണംനല്‍കി.

വെള്ളിയാഴ്ചരാവിലെ കോര്‍ബ എക്‌സ്പ്രസ്സിലെത്തിയ പുരുഷ-വനിതാ ടീമുകള്‍ക്ക് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനിലാണ് വോളിബോള്‍ അസോസിയേഷനും സ്‌പോര്‍ട്‌സ് കൗണ്‍സിലുംചേര്‍ന്ന് സ്വീകരണം ഒരുക്കിയത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ കളിക്കാരെ മാലയിട്ട് സ്വീകരിച്ചു.

ദേശീയ വോളിബോള്‍ ഫെഡറേഷന്‍ ജോയന്റ് സെക്രട്ടറി കെ.ടി. അബ്ദുള്‍റഹ്മാന്‍, ഇന്റര്‍നാഷണല്‍ റഫറി പ്രൊഫ. ജഗനാഥന്‍, അന്തര്‍ദേശീയ താരങ്ങളായ പി.ആര്‍. ശാന്തിലാല്‍, രാജലക്ഷ്മി ജി.നായര്‍, ദേശീയ മുന്‍ അത്‌ലറ്റ് എസ്. മുരളി, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. സുബ്രഹ്മണ്യന്‍, സെക്രട്ടറി വി. ഗംഗാധരന്‍ അത്‌ലറ്റിക് അസോസിയേഷന്‍ ജില്ലാസെക്രട്ടറി എം. രാമചന്ദ്രന്‍, പ്രൊഫ. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ താരങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു.

വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീര്‍, വനിതാടീം മാനേജര്‍ ജെയ്‌സമ്മ മുത്തേടന്‍ എന്നിവര്‍ സ്വീകരണത്തിന് നന്ദിപറഞ്ഞു.

റായ്പ്പുരില്‍നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കരുത്തരായ ഉത്തരാഖണ്ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കേരളം നാലാംതവണ കിരീടം നേടിയത്.

വനിതാവിഭാഗം ഫൈനലില്‍ മലയാളി താരങ്ങളടങ്ങിയ റെയില്‍വേടീമിനോടാണ് കേരളം കീഴടങ്ങിയത്.

No comments:

Post a Comment