14 January 2012

ക്ലസ്റ്റര്‍ നിര്‍ത്തുന്നു; അറുപതു ദിവസത്തെ അധ്യാപക പരിശീലനം

ക്ലസ്റ്റര്‍ നിര്‍ത്തുന്നു; അറുപതു ദിവസത്തെ അധ്യാപക പരിശീലനം
Posted on: 14 Jan 2012


തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നിര്‍ത്തി പകരം ഘട്ടം ഘട്ടമായുള്ള ദീര്‍ഘകാല പരിശീലനം നടപ്പാക്കുന്നു. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സ്‌കൂള്‍ അധ്യാപകര്‍ക്ക് അറുപതു ദിവസത്തെ പരിശീലനം നല്‍കാനാണ് പദ്ധതി. രണ്ടുവര്‍ഷം കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കുക. അഞ്ചു ഘട്ടമായാണ് ക്ലാസുകള്‍ നടക്കുന്നത്. ആദ്യ പരിശീലനം പത്തു ദിവസം നീണ്ടുനില്‍ക്കും. അധ്യാപകരുടെ വ്യക്തിത്വ വികസന പരിശീലനമാണ് ഇതിലുണ്ടാവുക. സംസ്ഥാനത്തെ 300 കേന്ദ്രങ്ങളിലായി 1200 പേര്‍ക്ക് ഒരേസമയം പരിശീലനം നല്‍കും. മെയ് 31 ന് മുമ്പ് കേരളത്തിലെ ഒരു ലക്ഷം അധ്യാപകര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് നടക്കുന്ന ഇരുപതുദിവസത്തെ ക്ലാസ് പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടതാണ്. അടുത്ത അഞ്ചുദിവസത്തെ ക്ലാസില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കിയത് സംബന്ധിച്ച അവലോകനമായിരിക്കും നടക്കുക. ഇതുപോലെ 20, അഞ്ച് എന്ന തരത്തില്‍ അടുത്ത രണ്ടു ഘട്ടങ്ങളും പൂര്‍ത്തിയാക്കും.

അവധിക്കാലത്തെ പരിശീലനത്തിന് അവധി സറണ്ടര്‍ ചെയ്യാനാവില്ല. പകരം അവധി നല്‍കുന്നതടക്കമുള്ള മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. അവധിക്കാലത്ത് പരിശീലനം നിര്‍ബന്ധമല്ല. പരിശീലനത്തിന് നിലവിലുള്ള ഡയറ്റുകള്‍, ബി.ആര്‍.സി കള്‍, ബി.എഡ് സെന്ററുകള്‍, ടി.ടി.സി സെന്ററുകള്‍ എന്നിവയുടെ സേവനം ലഭ്യമാക്കും. ക്വാളിറ്റി ഇംപ്രൂവ് മെന്റ് മോണിറ്ററി കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.
വിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍, ഡി.പി.ഐ എ.ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു. അധ്യാപക സംഘടനകളെ പ്രതിനിധീകരിച്ച് ഹരിഗോവിന്ദന്‍ (കെ.പി.എസ്.ടി.യു), പി.കെ.കൃഷ്ണദാസ്(എ.കെ.എസ്.ടി.യു), കെ.എം.സുകുമാരന്‍(കെ.എസ്.ടി.എ), ജെ.ശശി (ജി.എസ്.ടി.യു), സിറിയക് കാവില്‍ (കെ.എസ്.ടി.എഫ്), മോയിന്‍കുട്ടി (കെ.എ.ടി.എഫ്), പി.ജെ.ജോസ് (കെ.പി.എസ്.എച്ച്.എ), എം.ഇമാമുദ്ദീന്‍ (കെ.യു.പി.എ), ഇ.കെ.മൂസ (കെ.എസ്.ടി.യു) എന്നിവരും പങ്കെടുത്തു.

No comments:

Post a Comment